കട്ടപ്പന: ബോളിവുഡ് താരവും വിഖ്യാത ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമന്റെ നേതൃത്വത്തിൽ മലയോര ഹൈവേയില്‍ കുട്ടിക്കാനം മുതൽ ചപ്പാത്തുവരെ സംഘടിപ്പിച്ച "ഹിൽ ഹൈവേ റൺ' ഹൈറേഞ്ചിന്റെ ചരിത്രത്തിൽ ഇടംപിടിച്ചു.
കിഫ്ബിയുടെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ പ്രചാരണാർഥം നടന്ന ഹിൽ ഹൈവേ റൺ കുട്ടിക്കാനം മരിയൻ കോളജ് ഗ്രൗണ്ടില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടിക്കാനം മുതല്‍ ചപ്പാത്തുവരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് ഓടിയത്. രാവിലെ ഏഴിന് ആരംഭിച്ച റണ്ണിൽ നഗ്നപാദനായാണ് മിലന്ദ് സോമൻ ഇത്രയും ദൂരം പിന്നിട്ടത്.
മന്ത്രി റോഷിയും ഹിൽ ഹൈവേ റണ്ണിൽ പങ്കാളിയായി. ചപ്പാത്തുവരെ ഓടിയശേഷം തുറന്ന ജീപ്പില്‍ ഇടുക്കി കവലവരെ മിലിന്ദ് സഞ്ചരിച്ചു. ചപ്പാത്തിൽനിന്ന് തുറന്ന വാഹനം ഓടിച്ചത് മന്ത്രി റോഷി അഗസ്റ്റിൻ ആയിരുന്നു. കട്ടപ്പന ഇടുക്കി കവല മുതൽ കട്ടപ്പന മുനിസിപ്പല്‍ മിനി സ്റ്റേഡിയംവരെ വീണ്ടും റണ്‍ തുടർന്നു. ഹിൽ ഹൈവേ റണ്ണിന്റെ സമാപനവും മലയോര ഹൈവേ പൂർത്തീകരണ ഉദ്ഘാടനവും കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തമ്പി നാരായണൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.വി. വർഗീസ്, വി.ആർ. ശശി, റോമിയോ സെബാസ്റ്റ്യൻ, കട്ടപ്പന മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ്, കിഫ്ബി പ്രോജക്ട് ഡയറക്ടർ എം. അശോക്കുമാർ, കിഫ്ബി ടീം ലീഡർ പി.ആർ. മഞ്ജുഷ, ജനപ്രതിനിധികൾ, സാമൂഹിക - സാംസ്കാരിക - കായികരംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പോലീസ്, മോട്ടോർ വാഹനവകുപ്പ്, സ്പോർട്സ് കൗൺസിൽ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റൺ സംഘടിപ്പിച്ചത്. പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി.
കായികതാരങ്ങൾ, സ്കൂൾ, കോളജ് വിദ്യാർഥികൾ, വനിതാ ബൈക്ക് റൈഡര്‍മാര്‍, സൈക്ലിംഗ് റൈഡേഴ്സ്, സ്കേറ്റിംഗ് സംഘാംഗങ്ങൾ, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവര്‍ ഉൾപ്പടെ ആയിരത്തിലധികം പേരാണ് ഹിൽ ഹൈവേ റണ്ണിൽ പങ്കെടുത്തത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ജില്ലയില്‍ കുട്ടിക്കാനം മുതല്‍ പുളിയന്മല വരെ 0. 050 കിലോമീറ്ററിലാണ് മലയോര ഹൈവേ. 2017ല്‍ 235 കോടിയുടെ ഭരണാനുമതി ലഭിച്ചതിന് പിന്നാലെയാണ് കിഫ്ബി ഹിൽവേ നിര്‍മാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടമായി കുട്ടിക്കാനം മുതല്‍ ചാപ്പത്തുവരെയുള്ള ഭാഗവും തുടര്‍ന്ന്
തൊട്ടടുത്ത മൂന്നു ഘട്ടങ്ങളിലായി ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള ഭാഗവും പൂര്‍ത്തീകരിച്ചു. കട്ടപ്പന അമ്പലക്കവല മുതല്‍ പുളിയന്മല വരെയുള്ളതാണ് നാലാം ഘട്ടം. ആധുനിക സാങ്കേതികവിദ്യയോടു കൂടിയ ബിഎം ബിസി നിലവാരത്തില്‍ ഒൻപതു മീറ്റര്‍ വീതിയില്‍ ടാറിംഗും ഇരുവശങ്ങളിലുമായി 1.50 മീറ്റര്‍ വീതിയില്‍ ഐറിഷ് ഓടയുമായിട്ടാണ് റോഡ് നിര്‍മാണം. റോഡുകളില്‍ വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ടൈല്‍ വിരിക്കല്‍, ഡ്രൈനേജ് സംവിധാനം, കലുങ്ക് നിര്‍മാണം, സംരക്ഷണഭിത്തി നിര്‍മാണം, റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സേഫ്റ്റി വര്‍ക്കുകള്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മാണം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.